ഫ്ലോറിഡ: മെലിസ ചുഴലിക്കാറ്റിനു ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജമൈക്കയിലേക്കു പോയ ചെറുവിമാനം യുഎസിലെ ഫ്ലോറിഡയിലുള്ള കോറൽ സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തകർന്നുവീണു. കുളത്തിലാണു വിമാനം വീണത്. രണ്ടു പേർ മരിച്ചു.
വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ നൽകാൻ കോറൽ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് തയാറായില്ല.
സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയ അടിയന്തര രക്ഷാപ്രവർത്തകർ ആദ്യഘട്ടത്തിൽ ഇരകളായവരെ കണ്ടെത്തിയില്ലെന്നും സമീപത്തെ വീടുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഫയർ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി മേധാവി മൈക്ക് മോസർ പറഞ്ഞു. എന്നിരുന്നാലും സമീപത്തെ വീടിന്റെ വേലിക്കെട്ട് തകർന്നതായി മുകളിൽനിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമായി.
കുളത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും മുങ്ങൽ വിദഗ്ധർക്ക് ഇരകളെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസമാണ് കാറ്റഗറി 5 ചുഴലിക്കാറ്റായ മെലീസ ജമൈക്കയിൽ വീശിയടിച്ചത്. 1976ൽ നിർമിച്ച വിമാനത്തിൽ ഏഴ് മുതൽ പന്ത്രണ്ട് പേരെ വരെ ഉൾക്കൊള്ളാനാകും.